മൂന്ന് ദിവസം കൂടി അതിതീവ്രമഴ: ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ചു ജില്ലകള്‍ക്ക് പ്രളയ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും പടിഞ്ഞാറന്‍ കാറ്റും ശക്തമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ റെഡ് അലര്‍ട്ട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. പ്രളയ മുന്നറിയിപ്പ്: മീനച്ചില്‍ (കോട്ടയം), അച്ചന്‍കോവില്‍, മണിമല (പത്തനംതിട്ട) എന്നീ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ടും കോരപ്പുഴ (കോഴിക്കോട്), വാമനപുരം (തിരുവനന്തപുരം) നദികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മീനച്ചിലിലെ പേരൂര്‍, അച്ചന്‍കോവിലിലെ കോന്നി, മണിമലയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കോരപ്പുഴയിലെ കുന്നമംഗലം, അച്ചന്‍കോവിലിലെ കല്ലേലി, വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷനുകളില്‍ മഞ്ഞ അലര്‍ട്ടുമാണ് നിലവിലുള്ളത്. നദികളില്‍ ഇറങ്ങുന്നത് അല്ലെങ്കില്‍ മുറിച്ച് കടക്കുന്നത് ഒഴിവാക്കണമെന്നും, തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.